വേനൽച്ചൂട് കൂടുന്നു; ജാഗ്രത, പാമ്പുശല്യത്തിനെതിരെയുള്ള പ്രതിരോധ മാർഗങ്ങൾ
SnakeAwareness, SummerSafety, FirstAid,PublicHealth Kerala, Thiruvananthapuram
വേനൽച്ചൂട് കൂടുന്നു; ജാഗ്രത,പാമ്പുശല്യത്തിനെതിരെയുള്ള പ്രതിരോധ മാർഗങ്ങൾ
കൊടുംവേനൽ ചൂട് കാരണം പുറമേയുള്ള നനവും തണുപ്പും അന്വേഷിച്ച് എല്ലാവിധ പാമ്പുകളും വീടുകളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും കടന്നുകൂടുന്നു. ജില്ലാ മെഡിക്കൽ ഓഫീസറുടെ മുന്നറിയിപ്പ് പ്രകാരം, പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ട സമയമാണിത്. വേണ്ട മുൻകരുതലുകൾ എടുത്തില്ലെങ്കിൽ ചെറിയ അശ്രദ്ധ വലിയ വിപത്തുണ്ടാക്കും.
മുൻകരുതലുകൾ: വീടും പരിസരവും സുരക്ഷിതമാക്കുക
വൃത്തിയാക്കുക: വീടിനോട് ചേർന്നുള്ള പുൽക്കാടുകൾ, കരിയിലക്കൂട്ടങ്ങൾ, വിറകുകൂനകൾ എന്നിവ നീക്കം ചെയ്യുക.
വിടവുകൾ അടയ്ക്കുക: വാതിലുകൾക്കും ജനലുകൾക്കും താഴെയുള്ള ചെറിയ വിടവുകൾ പോലും അടയ്ക്കുക.
നെറ്റ് ഉറപ്പിക്കുക: ജനലുകൾ തുറന്നിടുമ്പോൾ നെറ്റുകൾ (Mesh) ഉപയോഗിക്കുക.
കിണർ ജാഗ്രത: വെള്ളം കോരുന്നതിന് മുൻപ് കയറിലും കപ്പിയിലും പാമ്പുണ്ടോയെന്ന് പരിശോധിക്കുക.
ഭക്ഷണാവശിഷ്ടങ്ങൾ: തുറന്നിടുന്ന ഭക്ഷണം എലികളെ ആകർഷിക്കും; എലികളെ തേടി പാമ്പുകൾ വരും.
രാത്രി സഞ്ചാരം: ടോർച്ച് കരുതുക.
ഷൂസും ഹെൽമറ്റും: വീടിന് പുറത്ത് വച്ചിരിക്കുന്ന ഷൂസ്, ചെരിപ്പ്, ഹെൽമറ്റ് എന്നിവ ധരിക്കും മുൻപ് നന്നായി കുടഞ്ഞ് പാമ്പില്ലെന്ന് ഉറപ്പുവരുത്തുക.
വാഹനം: വാഹനങ്ങളിൽ പാമ്പുകൾ കയറിയിട്ടില്ലെന്ന് ഉറപ്പാക്കുക.
കിടക്കുന്നിടം: നിലത്ത് പായ വിരിച്ച് ഉറങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളിക്കട്ടൻ തണുപ്പ് തേടി കിടക്കയിലേക്ക് വരാം. കട്ടിലിലും കൊതുകുവലയ്ക്കുള്ളിലും ഉറങ്ങുന്നതാണ് സുരക്ഷിതം.
ചട്ടികൾ: വരാന്തയിലെ ചെടിച്ചട്ടികൾക്കിടയിൽ ഈർപ്പമുള്ളതിനാൽ പാമ്പുകളുടെ സാധ്യത കൂടുതലാണ്.
പാമ്പ് കടിച്ചാൽ ഉടൻ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ
പരിഭ്രാന്തി വേണ്ട: പേടി രക്തയോട്ടം വർധിപ്പിച്ച് വിഷം പടരാൻ സഹായിക്കും.
ശരീരം അനക്കരുത്: കടിയേറ്റ ആളെ അനങ്ങാതെ സൗകര്യപ്രദമായി ഇരുത്തുക. ബോധം കെട്ടാൽ തറയിൽ ചരിച്ചു കിടത്തുക.
മുറിവിൽ ഇടപെടരുത്: മുറിവിൽ അമർത്തുകയോ, രക്തം കളയാൻ ശ്രമിക്കുകയോ, മുകളിൽ മുറുക്കിക്കെട്ടുകയോ (Tourniquet) ചെയ്യരുത്. ഇത് കോശങ്ങൾ നശിക്കാൻ കാരണമാകും.
ഉടൻ ആശുപത്രിയിലേക്ക്: കടിയേറ്റ ആളെ എത്രയും വേഗം ആന്റി-വെനം ലഭ്യമായ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുക.
ശാസ്ത്രീയ ചികിത്സ: പാമ്പുകടിക്ക് വിശ്വസിക്കേണ്ടത് ശാസ്ത്രീയ ചികിത്സാരീതികളെ മാത്രം.
ലക്ഷണങ്ങൾ: ഏത് പാമ്പിൻ്റെ കടിയെന്ന് തിരിച്ചറിയാം
A) ശംഖുവരയൻ (Krait):
കടി വേദനയില്ലാത്തത്; പല്ല് ചെറുതായതിനാൽ കൊതുക് കടിച്ച പാട് പോലെ.
കൺപോളകൾ തൂങ്ങുക (മയക്കം തോന്നുക).
വിഴുങ്ങാൻ ബുദ്ധിമുട്ട്, വായിൽ നിന്ന് നുരയുക, ശബ്ദത്തിൽ മാറ്റം.
കഠിന വയറുവേദന.
ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് (ഏറ്റവും അപകടകരം).
B) മൂർഖൻ (Cobra):
കൺപോളകൾ തൂങ്ങുക, കാഴ്ച മങ്ങുക.
ശ്വസന തടസ്സം.
നാക്കും തൊണ്ടയും തളർന്ന് സംസാരിക്കാൻ പ്രയാസം.
ഉമിനീർ ഇറക്കാൻ കഴിയാത്ത അവസ്ഥ.
എവിടെ ചികിത്സ? (തിരുവനന്തപുരം ജില്ലയിൽ)
സർക്കാർ ആശുപത്രികൾ:
തിരുവനന്തപുരം മെഡിക്കൽ കോളേജ്, എസ്.എ.ടി, ജനറൽ ആശുപത്രി (തിരുവനന്തപുരം, നെയ്യാറ്റിൻകര), ചിറയിൻകീഴ്, പാറശ്ശാല, പേരൂർക്കട, നെടുമങ്ങാട്, വിതുര, തൈക്കാട് (സ്ത്രീകൾ & കുട്ടികൾ), വർക്കല, ആറ്റിങ്ങൽ, നേമം, മലയിൻകീഴ്, ഫോർട്ട്, പാലോട് (CHC), ആനാട്, കുറ്റിച്ചൽ, പനവൂർ എന്നിവിടങ്ങളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ.
സ്വകാര്യ ആശുപത്രികൾ: അനന്തപുരി, കിംസ്, ഗോകുലം മെഡിക്കൽ കോളേജ്, എസ്.കെ ഹോസ്പിറ്റൽ (ഇടപ്പഴഞ്ഞി), എസ്.യു.ടി (പട്ടം), എസ്.പി മെഡി (ഫോർട്ട്), കോസ്മോപൊളിറ്റൻ തുടങ്ങി ICU സൗകര്യമുള്ള മിക്ക പ്രധാന ആശുപത്രികളിലും ചികിത്സ ലഭ്യമാണ്.
മറ്റു ജില്ലകാർ നിങ്ങളുടെ തൊട്ട് അടുത്തുള്ള ആശുപത്രിയിൽ അഭയം തേടുക.
NB:വേനൽക്കാലത്ത് പാമ്പുകൾ പ്രതീക്ഷിക്കാവുന്ന ഇടങ്ങളിൽ ശ്രദ്ധ പതിപ്പിക്കുക. ആവശ്യമില്ലാത്ത സ്ഥലങ്ങളിൽ കൈയിടാതിരിക്കുക. ഇരുട്ടത്ത് നഗ്നപാദരായി നടക്കാതിരിക്കുക. ഒരു അപകടവും സംഭവിക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കുക. എന്നാൽ, കടിയേറ്റാൽ പരിഭ്രാന്തിയോടെയല്ല, വിവരമുള്ളവരായി അടുത്തുള്ള ആശുപത്രിയെ സമീപിക്കുക.
Join the conversation